സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഇന്നും ഉയർന്ന ചൂട് തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37°C വരെയും കൊല്ലം, മലപ്പുറം,കാസർകോഡ് ജില്ലകളില്‍ 36°C വരെയും താപനില ഉയരാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും.
അതിനിടെ, ഞായറാഴ്ചയുണ്ടായ ശക്തമായ മിന്നലില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ വിവിധയിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പാലക്കാട് വെളുത്തൂരില്‍ കിടക്കനിർമാണശാലക്കും കോഴിക്കോട് സ്ക്രാപ്പ് ഗോഡൗണിനുമാണ് ഇടിമിന്നലില്‍ തീപിടിച്ചത്. പാലക്കാട് എറയൂരില്‍ ക്ഷേത്രത്തിലെ പൂരത്തിനിടെ 3 പേർക്ക് മിന്നലില്‍ പരിക്കേറ്റു.
കോഴിക്കോട് പേരാമ്ബ്രയില്‍ മിന്നലേറ്റ് തെങ്ങ് കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. പാലക്കാട് തിരുവേഗപ്പുറം വെളുത്തൂരില്‍ മിന്നലേറ്റ് കിടക്ക നിർമ്മാണശാലയില്‍ വൻ തീപിടിത്തമാണ് ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിടക്ക നിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ