കഞ്ചാവ് വേട്ടയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി; പിടിയിലായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.


തൃശൂർ കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സിറ്റർ ജോയന്റ് ഡയറക്ടർ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തനിക്ക് ലഭിച്ച റിപ്പോർട്ടിൽ യൂണിയൻ ഭാരവാഹി കേസിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും മന്ത്രിബിന്ദു പറഞ്ഞു.

കളമശേരി പോളിടെക്‌നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പോളിടെക്നിക് അധികൃതർ നടപടി സ്വീകരിച്ചു. കേസിലുൾപ്പെട്ട വിദ്യാർത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെൻഡ് ചെയ്‌തു. കോളജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമിതി അന്വേഷണം നടത്തുമെന്നാണ് അറിയിപ്പ്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റലിൽ നാർക്കോട്ടിക്, ഡാൻസാഫ്, പൊലീസ് സംഘം റെയ്‌ഡ് നടത്തിയത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ടു. രണ്ടു കിലോ കഞ്ചാവ്, പൊടിക്കാനുപയോഗിക്കുന്ന യന്ത്രം, തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, വിൽക്കാനുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ, മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ തുടങ്ങിയവ പരിശോധനയിൽ കണ്ടെടുത്തിരുന്നു.