മെഡിക്കൽ കോളേജിൽ വൻ സുരക്ഷാവീഴ്ച; 17 രോഗികളുടെ ശസ്ത്രക്രിയാ അവയവങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു.


മെഡിക്കൽ കോളേജിൽ വൻ സുരക്ഷാവീഴ്ച. പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. 17 രോഗികളുടെ സ്പെസിമെൻ ആണ് മോഷ്ടിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

പരിശോധനയ്ക്കുന്ന ശരീരഭാഗങ്ങൾ പത്തോളജിക്കടുത്തുളള ലാബിലാണ് സാധാരണയായി സൂക്ഷിക്കാറ്. ഇവിടേക്ക് ഇന്ന് രാവിലെയാണ് ആംബുലൻസ് ഡ്രൈവറും അറ്റൻ്ററും അവയവങ്ങൾ കൊണ്ടുവന്നത്.

അവയവങ്ങൾ ലാബിൻ്റെ ഒഴിഞ്ഞ ഭാഗത്ത് വച്ചതിനുശേഷം ജീവനക്കാർ പോകുകയായിരുന്നു. തിരികെ വന്നുനോക്കിയപ്പോൾ അവയവങ്ങൾ കണ്ടിരുന്നില്ല. ഇതോടെയാണ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയിൽ എടുത്തത്, വിലയേറിയ വസ്തുവാണെന്ന് കരുതിയാണ് ഇയാൾ അവയവങ്ങൾ മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

കൂടുതൽ ചോദ്യം ചെയ്യലിനുശേഷം കൃത്യമായ വിവരം അറിയാൻ സാധിക്കുളളൂവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.