മരിച്ചുകിടന്ന അമ്മൂമ്മയുടെ സ്വര്‍ണം കവര്‍ന്ന് വിറ്റു,പേരക്കുട്ടി അറസ്റ്റിൽ


അന്തിക്കാട്: കാണാതായി രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടെ സ്വർണാഭരണം കവർന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍.

പുത്തൻപീടിക പുളിപ്പറമ്ബില്‍ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തൻപീടിക ചുമ്മാർ റോഡ് പുളിപ്പറമ്ബില്‍ ഓമന(71)യെ വീട്ടില്‍നിന്ന് കാണാതായത്. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തി.

എന്നാല്‍, മൃതദേഹത്തില്‍ സ്വർണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്മോർട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറല്‍ എസ്.പി. നവനീത് ശർമ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. 

സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണൻ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചു.

കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തു. മരണത്തെത്തുടർന്നുള്ള ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ അലമാരയിലെ പഴ്സില്‍ക്കണ്ട രണ്ടു സ്വർണവളകള്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും സാമ്ബത്തികബാധ്യതകള്‍ തീർക്കാൻ പണയം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. യദുകൃഷ്ണൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നില്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, അന്തിക്കാട് പ്രിൻസിപ്പല്‍ എസ്.ഐ. കെ. അജിത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്.ഐ. കെ.കെ. പ്രസാദ്, എം. സുമല്‍, എം. അരുണ്‍കുമാർ, സീനിയർ സി.പി.ഒ. ഇ.എസ്. ജീവൻ, സി.പി.ഒ. കെ.എസ്. ഉമേഷ്, എം.എം. മഹേഷ് എന്നിവരാണ് പോലീസ്സംഘത്തില്‍ ഉണ്ടായിരുന്നത്.