കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനദാസിന് സ്മാരകം; ക്ലിനിക്ക് ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും


കൊല്ലം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനദാസിന്റെ സ്മരണക്കായി കുടുംബം നിര്‍മിച്ച ക്ലിനിക്ക് ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാര്‍ത്തികപ്പള്ളി-നങ്ങ്യാര്‍കുളങ്ങര റോഡില്‍ പുളിക്കീഴിനു സമീപം വൈകിട്ട് നാല് മണിക്കാണ് ക്ലിനിക്ക് ഉദ്ഘാടന ചടങ്ങ്. പ്രാര്‍ഥനാ ഹാളിന്റെ സമര്‍പ്പണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഫാര്‍മസിയും ലാബ് ഉദ്ഘാടനം ഡോക്ടര്‍ വി പി ഗംഗാധരനും നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് വന്ദനയുടെ പിതാവ് മോഹന്‍ദാസ് അറിയിച്ചു. 

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ക്ലിനിക്. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.