ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ ശൃംഖലകളിലൊന്നായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ ടാറ്റ ഗ്രൂപ്പിൻ്റെ സാരഥി രത്തൻ ടാറ്റ വ്യവസായ രംഗത്ത് പലപ്പോഴും അന്യം നിന്നു പോകാറുള്ള മനുഷ്യത്വത്തിൻ്റെ പ്രതീകം കൂടിയാണ്.
തൻ്റെ ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടങ്ങുമ്പോഴും അദ്ദേഹം തൻ്റെയുള്ളിലെ മനുഷ്യ സ്നേഹത്തേയും ദേശസ്നേഹത്തെയും കൈവിടാതെ കാത്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ നിന്നിങ്ങോട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം ടാറ്റ ഗ്രൂപ്പിൻ്റെ മുഖമെന്നാൽ അത് രത്തൻ ടാറ്റയായിരുന്നു. ഉപ്പ് തൊട്ട് സോഫ്ട്‍വെയർ വരെ പടർന്ന് പന്തലിച്ച വലിയൊരു വ്യവസായ ശൃംഖലയെ ലോകോത്തര നിലവാരത്തിലെത്തിച്ച സ്ഥിരോൽസാഹിയും ദീർഘവീക്ഷണവുമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റ.
ടാറ്റ ഗ്രൂപ്പിനെ ലോകോത്തര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോഴും രാജ്യത്തോടുളള കൂറും അചഞ്ചലമായ ആത്മവിശ്വാസവും അദ്ദേഹം മുഖമുദ്രയാക്കി. ബിസിനസ്സ് മിടുക്ക്, കാഴ്ചപ്പാട്, ശക്തമായ തൊഴിൽ നൈതികത എന്നിവയ്ക്ക് പേരുകേട്ട രത്തൻ ടാറ്റ തൻ്റെ കുടുംബ ബിസിനസ്സിനെ ഒരു അന്താരാഷ്ട്ര സാമ്രാജ്യമാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറ്റിയെഴുതി.
യുവാക്കള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും എൺപതുകൾ പിന്നിട്ട തൻ്റെ അവസാന നാളുകളിൽ പോലും അതുകൊണ്ട് തന്നെ വലിയ സ്വാധീനമാണ് രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നത്. പോയ വർഷം മഹാരാഷ്ട്ര സർക്കാർ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യവും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലം ‘ടാറ്റ ഗ്രൂപ്പിൻ്റെ’ ചെയർമാനായി സേവനമനുഷ്ഠിച്ച രത്തൻടാറ്റ 2012-ൽ തൻ്റെ 75-ാം വയസ്സിൽ ഔദ്യോഗികമായി തൻ്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും വിരമിച്ചെങ്കിലും തൻ്റെ ബിസിനസ് രംഗത്തു വരുന്ന ഓരോ മാറ്റങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വ്യവസായം നവീകരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനൊപ്പം സാമൂഹിക രംഗത്ത് ടാറ്റ ഗ്രൂപ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താഴെത്തട്ടിലുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു.
165 ബില്യൺ ഡോളർ വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ‘ടാറ്റ ഗ്രൂപ്പിനെ ഉയർത്തിയാണ് രത്തൻ ടാറ്റ ഇപ്പോൾ വിട വാങ്ങിയിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ