ചൂരല്‍മല: പാറക്കെട്ടുകള്‍ക്കടിയിലും പതഞ്ഞ ചളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സര്‍ക്കാര്‍ ദുരന്തഭൂമിയിലെ തിരച്ചലവസാനിപ്പിക്കുന്നു. തിരച്ചില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം വിളമ്പിയിരുന്ന കമ്യൂണിറ്റി കിച്ചന് അടച്ചു. കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കിവിളിച്ചുകഴിഞ്ഞു.
പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ രണ്ട് ജെ.സി.ബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇനി ദുരന്തഭൂമിയില്‍ ബാക്കി. ജനരോഷം ഭയന്ന് ഔദ്യോഗികമായി തിരച്ചില്‍ നിര്‍ത്തിയതായി പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളുള്‍പ്പെടുന്ന ദുരന്തഭൂമിയില്‍ നിന്ന് പൂര്‍ണമായി മടങ്ങാനൊരുങ്ങുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് ദുരന്തമുഖത്ത് നടന്നുവന്നിരുന്ന ജനകീയ തിരച്ചിലും വിദഗ്ധ പരിശീലനം നേടിയവരടങ്ങുന്ന സംഘവുമായി ചാലിയാറില്‍ നടത്തിയ തിരച്ചിലും അധികൃതര്‍ നിര്‍ത്തി.
ഇനിയും കാണാമറയത്തുള്ളവരെ കണ്ടെത്താനായി പ്രത്യേക ഉപകരണങ്ങളോ, ഡോഗ് സ്ക്വാഡോ, വിദഗ്ധ പരിശീലനം സിദ്ധിച്ചവരോ നിലവില്‍ ദുരന്തമുഖത്തില്ല.
ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തേ ദിവസവും നടത്തിയിരുന്ന മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനങ്ങളും ഇപ്പോഴില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളോ, ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്തതാണ് തിരച്ചിലവസാനിപ്പിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നൂറിലേറെ പേര് ഇപ്പോഴും കാണാമറയത്തുള്ള സാഹചര്യത്തില്‍ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ ഉള്‍പ്പെടെ ദുര്‍ഘട മേഖലകളിലും, ചാലിയാറിന്റെ വഴികളിലും തെരച്ചില്‍ തുടരണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ