ജീവനെടുക്കുന്ന ലോണ്‍ ആപ്പുകള്‍;വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.....

കോഴിക്കോട്:ജാമ്യവും കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ലാതെ പണം കടം കിട്ടുമെന്നതായോടെ ആപ്പുകളില്‍ പോയി തലവെക്കുകയാണ് പലരും. യുവാക്കളും, വീട്ടമ്മമാരുള്‍പ്പടെ കെണിയില്‍പെട്ടവർ നിരവധിയാണ്.മിനുട്ടുകള്‍ക്കുള്ളില്‍ വായ്പ നല്‍കുന്ന ഇത്തരം ആപ്പുകളുടെ കെണിയില്‍പ്പെട്ട് ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുകയാണ്.

സാമ്ബത്തികതട്ടിപ്പിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് ഈ ഓണ്‍ലൈൻ വായ്പ ആപ്പുകളെന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് കാലമുണ്ടാക്കിയ സാമ്ബത്തികപ്രതിസന്ധിയാണ് ലോണ്‍ ആപ്പുകളെ ആശ്രയിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഇന്നത് ട്രെൻഡിങ് ആയിമാറിക്കഴിഞ്ഞു. കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം ദിവസവും നൂറ് കണക്കിനാളുകളാണ് ലോണ്‍ ആപ്പുകാരുടെ കെണിയില്‍ വീഴുന്നത്. നിരവധി പേരാണ് ആപ്പുകളുടെ ഭീഷണിക്ക് മുന്നില്‍ ജീവനൊടുക്കിയത്. അതിന്റെ അവസാനത്തെ സംഭവമാണ് പെരുമ്ബാവൂർ സ്വദേശിനിയുടെ മരണം. യുവതിയുടെ ഫോണില്‍ നിന്ന് ലോണ്‍ നല്‍കുന്ന 34 ഓളം വ്യാജ ആപ്പുകളെയാണ് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.

നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളാണോ എന്നുപോലും പരിശോധിക്കാതെയാണ് പലരും ആധാർ അടക്കം നല്‍കി ലോണ്‍ എടുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍ ബാങ്കിങ് ഫിനാൻഷ്യ കമ്ബനി (എൻ.ബി.എഫ്.സി) ലൈസൻസ് നേടാത്ത ആപ്പുകളാണ് മിക്കതും. ഇത്തരം വ്യാജ ആപ്പുകള്‍ ഏഴ് ദിവസം മുതല്‍ ആറ് മാസം വരെ തിരിച്ചടവ് കാലാവധിയിലാണ് ലോണുകള്‍ അനുവദിക്കുക. അതില്‍ കൂടുതല്‍ കാലാവധിയിലും ലോണ്‍ അനുവദിക്കുന്ന ആപ്പുകളുണ്ട്. 20 ശതമാനം മുതല്‍ 40 ശതമാനം വരെ കൊള്ളപ്പലിശയാണ് ഇവ ഈടാക്കുന്നത്. ഇതിനു പുറമെ ലോണ്‍ പ്രൊസസിങ് ഫീ എന്ന പേരില്‍ 10 മുതല്‍ 25 ശതമാനം വരെ ചാർജും ഈടാക്കും. ലോണായി കിട്ടുന്ന പണത്തിന്റെ രണ്ടിരട്ടിയിലേറെയാണ് പല ആപ്പുകളും സാധാരണക്കാരില്‍ നിന്ന് തിരിച്ചുപിടിക്കുന്നത്.

സ്വർണമടക്കമുള്ള മറ്റ് ഈടുകളൊന്നും വേണ്ടാത്തതാണ് ലോണ്‍ എടുക്കുന്നവർ ഇത്തരം വ്യാജ ആപ്പുകളുടെ കെണിയില്‍ വീഴാനുള്ള പ്രധാനകാരണം. ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും ഡിജിറ്റല്‍ കോപ്പി മാത്രം നല്‍കിയാല്‍ പണം അക്കൗണ്ടിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ വരും. സിംപിളാണ് കാര്യമെന്ന് കരുതി തലവെക്കുന്നത് ഊരാക്കുടുക്കിലേക്കാണ്.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങള്‍ മുഴുവനും അവർ ചോർത്തുകയാണ്. ഗാലറിയിലുള്ള ചിത്രങ്ങളും മൊബൈല്‍ നമ്ബരുകളും വാട്സാപ്പില്‍ നമ്മള്‍ ബന്ധപ്പെടുന്നവരുടെ നമ്ബരുകളും അവർ സ്വന്തമാക്കും. നമ്മളുടെ അനുമതിയോടെയാണ് ഇതെല്ലാം ആപ്പുകള്‍ എടുക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ ഗാലറിയും കോണ്‍ടാക്ടും ഉപയോഗിക്കാനുള്ള അനുമതി ചോദിക്കുമ്ബോള്‍ കൊടുക്കാതിരിക്കുക എന്നതാണ് പരിഹാരം. എന്നാല്‍ അതൊന്നും വായിക്കാനോ പരിശോധിക്കാനോ നില്‍ക്കാതെ എല്ലാത്തിനും അനുമതി നല്‍കുന്നതാണ് അപകടം. സാങ്കേതിക വിദ്യയെ കുറിച്ചുള്ള പരിമിതമായ അറിവുകള്‍ ഇത്തരം ആപ്പുകള്‍ക്ക് ചൂഷണത്തിന് കൂടുതല്‍ അവസരം നല്‍കുന്നുണ്ട്.

വായ്പയുടെ ഒരു മാസത്തെ അടവ് തെറ്റിയാല്‍ ഭീഷണികലർന്ന വിളിയാണ് ആദ്യം വരിക. തൊട്ടുപിന്നാലെ ഫോണില്‍ നിന്ന് ചോർത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്ബരിലേക്ക് ലോണെടുത്തെന്നും പണം തിരിച്ചടക്കുന്നില്ലെന്നുമുള്ള വിവരങ്ങള്‍ മെസേജുകളായി കൈമാറും.ലോണെടുത്തയാള്‍ നിങ്ങളെയാണ് ജാമ്യക്കാരനായി നിർത്തിയിരിക്കുന്നതെന്നും അറിയിക്കും. അവരെ തുടരെ തുടരെ വിളിച്ചു ബുദ്ധിമുട്ടിക്കും.


ഇങ്ങനെ ലോണ്‍ എടുത്തയാളെ മാനസികമായി വേട്ടയാടും. അതോടെ ലോണ്‍ എടുത്തയാള്‍ എങ്ങനെയെങ്കിലും അത് ക്ലോസ് ചെയ്യാൻ ശ്രമിക്കും. ചിലപ്പോള്‍ സമാനമായ മറ്റൊരു ആപ്പില്‍ നിന്ന് ലോണ്‍ എടുത്താകും ലോണ്‍ അടക്കുക. ഇത് മറ്റൊരു കുരുക്കിലേക്കാകും എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ധമുണ്ടാക്കും. ഇതിനൊപ്പം മൊബൈലില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോർഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കും. ഫേസ്ബുക്കിലടക്കം പങ്കുവെക്കും. ഇതോടെ കനത്തസമ്മർദ്ധത്തിലേക്കാകും അവരെ തള്ളിയിടുക. അപമാനിക്കപ്പെടുകയും മാനസികമായി തളരുകയും ചെയ്തവരാണ് ഒടുവില്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്ന് പൊലീസ് പറയുന്നു. പതിനായിരം രൂപ പണയമെടുത്തവർപോലും ആപ്പുകളുടെ ഭീഷണിയിലും അശ്ലീല സന്ദേശത്തിലും വീണ് മരണത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

വായ്പ എടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമെ ലോണ്‍ എടുക്കാൻ പാടുള്ളു. നിയമപരമായ സാധുതകള്‍ അത്തരം ഇടപാടുകള്‍ക്ക് മാത്രമെയുള്ളു. ലോണ്‍ നല്‍കുന്ന ബാങ്കുകള്‍ക്കും ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ആപ്പുകള്‍ക്കും റിസർവ് ബാങ്കിന്റെ അനുമതി നിർബന്ധമാണ്. റിസർവ് ബാങ്ക് നിശ്ചയിച്ച പലിശനിരക്കുകള്‍ മാത്രമെ ഈടാക്കാനും പാടുള്ളു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അംഗീകൃത സ്ഥാപനങ്ങള്‍ ലോണ്‍ നല്‍കുകയുള്ളു. അതേസമയം ലോണ്‍ ആപ്പുകള്‍ക്ക് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. പാൻകാർഡിന്റെയും ആധാറിന്റെയും പകർപ്പ് നല്‍കിയാല്‍ മതി. മൊബൈല്‍ വഴിയാണ് നടപടികളെല്ലാം എന്നതും സൗകര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തിരിച്ചടവ് വൈകുന്നതോടെയാണ് ആപ്പുകളുടെ യഥാർത്ഥ സ്വഭാവം പുറത്തുവരിക. വായ്പയെടുക്കുമ്ബോള്‍ ഈടുകളൊന്നും വാങ്ങാത്ത ആപ്പുകള്‍ ഫോണിലെ സ്വകാര്യവിവരങ്ങളും കോണ്‍ടാക്‌ട്, വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നമ്മള്‍ ബന്ധപ്പെടുന്നവരെയാണ് അവർ ലക്ഷ്യം വെക്കുന്നത്. അവരെ ഉപയോഗിച്ച്‌ പണയമെടുത്താളില്‍ നിന്ന് പണവും പലിശയും തിരിച്ചുപിടിക്കാനാകുമെന്നാണ് ആപ്പുകള്‍ കണക്കുകൂട്ടുന്നത്. ആപ്പ് ഇൻസ്റ്റാള്‍ ചെയ്താലുടൻ പർച്ചേസിങ് സ്വഭാവം, ഇ.എം.ഐ ഇടപാടുകള്‍ തുടങ്ങിയവയെല്ലാം അവർ പരിശോധിക്കും. എ.ഐ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മിനുട്ടുകള്‍ക്കുള്ളിലാണ് അപേക്ഷകന്റെ സാമൂഹിക, സാമ്ബത്തിക വിവരങ്ങള്‍ അവർ ശേഖരിക്കുന്നതത്രെ.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

ആപ്പ് ഉപയോഗിക്കുമ്പോൾ മൊബൈല്‍ ഫോണിലുള്ള വിവരങ്ങള്‍ മുഴുവനും ഉപയോഗിക്കാൻ അനുമതി കൊടുക്കരുത്.

ലോണ്‍ തരുന്നത് ഏത് ബാങ്കാണെന്ന് ആപ്പ് വ്യക്തമാക്കിയിരിക്കണം. വ്യക്തമല്ലെങ്കില്‍ വായ്പ സ്വീകരിക്കരുത്.

പലിശ നിരക്കും, പ്രൊസസിങ്ങ് ഫീസും എത്രവരുമെന്ന് മുൻകൂട്ടി അറിയണം.

ആപ്പുകള്‍ നിശ്ചയിക്കുന്ന പലിശ നിരക്ക് വാർഷികാടിസ്ഥാനത്തില്‍ കൂട്ടണം.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഭീഷണിയില്‍ തളരരുത്, പൊലീസില്‍ പരാതിപ്പെടാ

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളില്‍ നിന്ന് പണയമെടുക്കരുതെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രമെ പണമിടപാടുകള്‍ നടത്താൻ പാടുള്ളു. ഇത്തരം ആപ്പുകള്‍ സന്ദർശിക്കുന്നത് പോലും കെണിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തട്ടിപ്പിന് ഇരയായാല്‍ ഉടനെ 1930 എന്ന നമ്ബറില്‍ സൈബർ പൊലീസിനെ അറിയിക്കാം. പരാതിനല്‍കാൻ പ്രത്യേക വാട്സ് ആപ്പ് നമ്ബർ സംവിധാനവും നിലവിലുണ്ട്. 9497980900 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിന് പരാതി നല്‍കാം. ടെക്സ്റ്റ്, ചിത്രം, വിഡിയോ, വോയ്സ് എന്നീ രീതികളിലെ പരാതി നല്‍കാൻ പറ്റുള്ളു. വിളിച്ച്‌ പരാതി നല്‍കാൻ കഴിയില്ല. 2023 ല്‍ എഴുപതോളം വ്യാജ ലോണ്‍ ആപ്പുകളെയാണ് േപ്ല സ്റ്റോറില്‍ നിന്ന് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ ടീം നീക്കിയത്.