എണ്ണ പലഹാരങ്ങളിലെ എണ്ണ ഒപ്പി എടുക്കുന്നതിന് പേപ്പർ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും

അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം പേപ്പറുകളിൽ പൊതിഞ്ഞ് നൽകുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ചിലർ എണ്ണ പലഹാരങ്ങളിലെ എണ്ണ ഒപ്പി എടുക്കുന്നതിന് പേപ്പർ ഉപയോഗിക്കുന്നു. ഇവയെല്ലാം കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിലെ തട്ടുകടകളിലാണ് കടലാസുകൾ ഇത്തരത്തിൽ കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

എണ്ണ പലഹാരങ്ങൾ കടകളിൽ നിന്ന് തരുന്നത് അച്ചടിച്ച പേപ്പറുകളിൽ പൊതിഞ്ഞാണ്.
അതിലെ എണ്ണ മൊത്തം വലിച്ചെടുക്കാൻ കടലാസിന് കഴിവുണ്ട്. അതിനാൽ പേപ്പറിൽ പൊതിഞ്ഞ് ഒന്ന് ഞെക്കിപ്പിഴിഞ്ഞതിന് ശേഷമായിരിക്കും ഭക്ഷണം കഴിക്കുക. പലപ്പോഴും ഭക്ഷണ പദാർത്ഥങ്ങളൊക്കെ കടലാസിൽ പൊതിഞ്ഞതിന് ശേഷമായിരിക്കും കവറുകളിലാക്കാറുള്ളത്.

*ആരോഗ്യപ്രശ്‌നങ്ങൾ നിരവധി*

*  അച്ചടിച്ച പേപ്പറുകളിൽ പൊതിഞ്ഞ് ഭക്ഷണങ്ങൾ കഴിക്കുന്നതുവഴി ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം.

*  കീടങ്ങളേക്കാളും അപകടകാരികളായ കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്.

* പ്രസുകളിൽ നിന്ന് അച്ചടിച്ച പേപ്പറുകൾ വ്യാപകമായി വാങ്ങുന്ന കച്ചവടക്കാരുണ്ട്. ഇത്തരം പേപ്പറുകളിൽ ഫംഗസ് ബാധ ഏൽക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.

* ടിഷ്യൂ പേപ്പർ, ബട്ടർ പേപ്പർ എന്നിവ മാത്രമേ കടകളിൽ ഉപയോഗിക്കാൻ പാടുള്ളൂ.