50 രൂപയുമായി, 37 മണിക്കൂര്‍ കൊണ്ട് 1650 കിലോമീറ്റര്‍ സഞ്ചരിച്ചു, യാത്ര ചെയ്തത് മൂന്ന് സംസ്ഥാനങ്ങളിലൂടെ.ബാലികയെ ഇന്ന്കൈമാറും.


കഴക്കൂട്ടത്തു നിന്നു കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയെ ഇന്ന് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.

ഇപ്പോള്‍ വിശാഖപട്ടണത്ത് ഒബ്‌സര്‍വേഷന്‍ ഹോമില്‍ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും. കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ നാലംഗ സംഘമാണു ട്രെയിനില്‍ ഇന്നലെ വിശാഖപട്ടണത്തേക്കു പോയത്. നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം. വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

50 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ പതിമൂന്നുകാരി ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,650 കിലോമീറ്റര്‍ ദൂരമാണ്. മൂന്ന് സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര.

കുട്ടിയെ തിരികെയെത്തിച്ച്‌ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശമനുസരിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറാനാണു സാധ്യത. കുട്ടി ആരോഗ്യവതിയാണെന്നും വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

മകള്‍ തിരിച്ചു വന്നാല്‍ കുടുംബത്തിലുള്ളവരെയും കൂട്ടി തിരികെ അസമിലേക്ക് പോകാനാണ് പിതാവിന്റെ തീരുമാനം.